പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം പരമമല്ലെന്ന് സുപ്രിംകോടതി

Right to protest must not hamper right to mobility of others: SC on Shaheen Bagh Protest

പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും അത് പരമമായ അവകാശമല്ലെന്ന് സുപ്രിംകോടതി. പ്രതിഷേധ സമരങ്ങൾ സഞ്ചാര സ്വാതന്ത്രവുമായി ഒത്തു പോകണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡൽഹിയിലെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സമരക്കാരെ നീക്കണമെന്നാവശ്യപെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. മാർച്ച് മാസം നൽകിയ ഹർജിയിലെ ആവശ്യം ഇപ്പോൾ അപ്രസക്തമാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി വാദിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സഞ്ചാര സ്വാതന്ത്രം തടസ്സപെടുത്തുന്ന രീതിയിലുള്ള സമരങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസം ഹരിയാനയിലും പഞ്ചാബിലും നടന്ന കർഷക സമരങ്ങൾ ഇതിന് ഉദാഹരണമാണെന്നും ഹർജിക്കരൻ വ്യക്തമാക്കി. ഇതേ തുടർന്നാണ് പ്രതിഷേധ സമരവും സഞ്ചാര സ്വാതന്ത്രവും ഒത്തു പോകണമെന്ന് കോടതി നിരീക്ഷിച്ചത്. പ്രതിഷേധ സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പാർലമെന്ററി ജനാധിപത്യത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപെടാൻ അവസരം ഉണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ എപ്പോൾ എങ്ങനെ സംവാദം നടക്കണം എന്നതിലാണ് വിഷയമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കോടതി ഉത്തരവ് ഇറക്കുമെന്നും കോടതി അറിയിച്ചു.

Content Highlights; Right to protest must not hamper right to mobility of others: SC on Shaheen Bagh Protest