‘കൊവിഡ് വാക്സിൻ എപ്പോഴാണ് എത്തുന്നത്, ഇന്ത്യക്കാർ വാക്സിനു വേണ്ടി കാത്തിരിക്കുകയാണ്’; കേന്ദ്ര ആരോഗ്യ മന്ത്രിയോട് കോൺഗ്രസ് നേതാവ് ആധിർ രജ്ഞൻ ചൌധരി

കൊവിഡിനെതിരായ വാക്സിൻ എപ്പോഴാണ് എത്തിച്ചേരുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കോൺഗ്രസ് നേതാവ് ആധിർ രജ്ഞൻ ചൌധരി. ഇന്ത്യയെ പോലെ മറ്റൊരു രാജ്യത്തിനും കൊവിഡ് മഹാമാരി മൂലം ഇത്രയധികം ആരോഗ്യ പ്രവർത്തകരെയും ഡോക്ടേഴ്സിനേയും നഷ്ടപെട്ടിട്ടുണ്ടാവില്ലെന്നും സാമൂഹിക വ്യാപനം സംഭവിച്ചിരിക്കുന്നുവെന്ന് അംഗീകരിക്കാൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ലെന്നും ആധിർ രജ്ഞൻ പറഞ്ഞു. കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും കൊവിഡ് മഹാമാരിയെ കുറിച്ചുള്ള ചർച്ചക്കിടെ അദ്ദേഹം വ്യക്തമാക്കി. തുടക്കം മുതലേ എല്ലാക്കാര്യങ്ങളും അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

മഹാമാരി തടയാൻ സാധിക്കില്ല. എന്നാൽ രോഗ വ്യാപനം നിയന്ത്രിക്കാനും മഹാമാരിയുടെ തീവ്രത ലഘൂകരിക്കുവാനും സാധിക്കുമായിരിന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് മരിക്കുന്നവരുടെ റിപ്പോർട്ടിൽ ആശങ്കയുള്ളതായും, രാജ്യത്തെ എത്ര ആശുപത്രികൾക്ക് മരണ കാരണത്തെ കുറിച്ചുള്ള സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുമെന്നും ആധിർ രജ്ഞൻ ചൌധരി ചോദിച്ചു. ‘എപ്പോഴാണ് കൊവിഡ് വാക്സിൻ എത്തുന്നത് ഹർഷവർധൻജി താങ്കൾ പറയണം, ഇന്ത്യക്കാർ വാക്സിനു വേണ്ടി കാത്തിരിക്കുകയാണെന്നും’ ആധിർ പറഞ്ഞു. കൊവിഡ് വാക്സിൻ അടുത്ത വർഷം ആദ്യത്തോടെ എത്തുമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ നേരത്തെ അറിയിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ കൊവിഡ് വാക്സിനുകളുടെ പുരോഗതിയെ കുറിച്ച് അറിയുന്നതിനായി വിദഗ്ദ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highllights; “When Will Covid Vaccine Arrive?”: Adhir Ranjan Chowdhury Asks Harsh Vardhan