ഡല്‍ഹി കലാപക്കേസിലെ പ്രതികളായ അഞ്ച് പേര്‍ 1.61 കോടി രൂപ കൈപ്പറ്റിയതായി പൊലീസ് കുറ്റപത്രം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പ്രതികളായ അഞ്ച് പേര്‍ക്ക് 1.61 കോടി രൂപ ലഭിച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ നടന്ന കലാപത്തിന്റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് 15പേര്‍ക്കെതിരെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് തുക സംബന്ധിച്ച കാര്യവും കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, ആക്റ്റിവിസ്റ്റ് ഖാലിദ് സൈഫി, എഎപിയില്‍ നിന്ന് പുറത്താക്കപ്പെട്ട താഹിര്‍ ഹുസൈന്‍, ജാമിയ അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് സൈഫാ ഉര്‍ റഹ്മാന്‍, ജാമിയ വിദ്യാര്‍ഥി മീരാന്‍ ഹൈദര്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രത്തില്‍ ആരോപണം. ഈ അഞ്ച് പ്രതികള്‍ക്കും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുറ്റപത്രം പറയുന്നു.

ഓരോരുത്തരും കൈപ്പറ്റിയ തുകയുടെ വിശദാംശങ്ങളടക്കമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2019 ഡിസംബര്‍ 1 മുതല്‍ 2020 ഫെബ്രുവരി 26 വരെയുള്ള കാലയളവില്‍ 1,61,33,703 രൂപ പ്രതികള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയും പണമായും ലഭിച്ചെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതില്‍ പകുതിയലിധികം തുക പിന്‍വലിച്ച് കലാപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Five persons received Rs 1.61 crore for executing conspiracy in riots, alleges charge sheet in Delhi riots