പ്രധാനമന്ത്രി കഴിഞ്ഞ 5 വർഷത്തിനിടയിൽ 58 രാജ്യങ്ങൾ സന്ദർശിച്ചു; ചെലവായത് 517 കോടി

PM Has Visited 58 Nations Since 2015 At Cost Of ₹ 517 Crore: Centre

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ 2020വരെ 58 വിദേശ രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. യുഎസ്, റഷ്യ, ചെെന തുടങ്ങിയ രാജ്യങ്ങളിലാണ് മോദി കൂടുതൽ സന്ദർശനം നടത്തിയിട്ടുള്ളത്. അഞ്ച് വർഷത്തിനിടെ മൂന്ന് രാജ്യങ്ങളിലും അഞ്ച് തവണ വീതം പോയിട്ടുണ്ട്. സന്ദർശനങ്ങൾക്ക് ഇതുവരെ ചെലവായത് 517.82 കോടിയാണെന്ന് രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. 

സിംഗപൂർ, ജർമനി, ഫ്രാൻസ്, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും പ്രധാനമന്ത്രി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സന്ദർശിച്ചിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലേക്കാണ് അദ്ദേഹം അവസാനമായി യാത്ര നടത്തിയത്. 2019 നവംബറിലായിരുന്നു അത്. കൊവിഡ് ലോക്ക് ഡൌൺ കാരണം 2020ൽ വിദേശ യാത്രകളൊന്നും ചെയ്തിട്ടില്ല. ആഗോള പ്രശ്നങ്ങളോട് ഇന്ത്യയുടെ കാഴ്ചപാട് എന്താണെന്ന് മറ്റ് രാജ്യങ്ങൾക്ക് മനസിലാക്കികൊടുക്കാൻ ഇത്തരം യാത്രകൾ സഹായിച്ചു എന്നും മുരളീധരൻ പാർലമെൻ്റിൽ പറഞ്ഞു. വിവിധ രാജ്യങ്ങളുമായി ഇന്ത്യയുടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും പ്രധാനമന്ത്രിയുടെ സന്ദർശനങ്ങൾ സഹായിച്ചുവെന്നും സഹമന്ത്രി പറഞ്ഞു. 

content highlights: PM Has Visited 58 Nations Since 2015 At Cost Of ₹ 517 Crore: Centre