ഐക്യരാഷ്ട്രസഭയിലെ അംഗങ്ങള്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്ത് റഷ്യ

മോസ്‌കോ: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് റഷ്യ. ആദ്യ കൊവിഡ് വാക്‌സിനായ ‘സ്പുഡ്‌നിക് വി’യുടെ മൂന്നാംഘട്ട പരീക്ഷണവും വിജയകരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കൊവിഡ് വാക്‌സിന്‍ ലോകത്തുടനീളമുള്ള ഐക്യരാഷ്ട്രസഭ അംഗങ്ങള്‍ക്ക് സൗജന്യമായി നല്‍കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ജനറല്‍ അസംബ്ലി പ്രസംഗത്തിലാണ് പുടിന്‍ സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചത്.

‘നമ്മളിലൊരാള്‍ക്കെങ്കിലും ഈ അപകടകാരിയായ വൈറസിനെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം, ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥരെന്നോ പ്രാദേശിക ജീവനക്കാരെന്നോ ഉള്ള വ്യതാസം വൈറസ് കാണിക്കില്ല’, എന്നാണ് പുടിന്‍ പ്രസംഗത്തില്‍ പറഞ്ഞത്. ചരിത്രത്തിലാദ്യമായാണ് ജനറല്‍ അസംബ്ലി പോലും വര്‍ക്ക് ഫ്രം ഹോം ആയി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ വാക്‌സിനെക്കുറിച്ച് നടത്തിയിട്ടുള്ള വളരെ കുറച്ച് പഠനങ്ങള്‍ മാത്രമേ നിലവില്‍ പുറത്തു വന്നിട്ടുള്ളൂ. എന്നാല്‍, ലോകമെമ്പാടും വിതരണം നടത്താന്‍ വാക്‌സിന്‍ തയാറായോയെന്ന ആശങ്കയും വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങളെപ്പറ്റിയും ഒട്ടേരെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

അതേസമയം, പുടിന്റെ വാഗ്ദാനത്തിന്‍ ഐക്യരാഷ്ട്രസഭ വക്താവ് നന്ദി അറിയിച്ചു. തങ്ങളുടെ ആരോഗ്യ വിഭാഗം ഇതേകുറിച്ച് കൂടുതല്‍ പഠിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ വിഭാഗമായ ലോകാരോഗ്യ സംഘടന ഇതു വരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

Content Highlight: Russia offers free coronavirus vaccine to United Nations staff across world