ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസ് ഏറ്റെടുത്ത് സിബിഐ

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കേസ് ഏറ്റെടുത്ത് സിബിഐ. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് വിദേശ നാണ്യ വിനിമയ ചട്ടലംഘന നിയമ പ്രകാരം കേസെടുത്തത്. പ്രാഥമികമായി വിദേശത്ത് നിന്ന് പണം വന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തുന്നത്.

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് സിബിഐയുടെ ഭാഗം. അനില്‍ അക്കര എംഎല്‍എയാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി സിബിഐക്ക് പരാതി നല്‍കിയത്.

റെഡ് ക്രസന്റുമായടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിക്കു വേണ്ടി പണം നല്‍കിയപ്പോള്‍ ഒരു കോടി രൂപ കമ്മിഷന്‍ കിട്ടിയെന്നു സ്വപ്ന മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയര്‍ന്നതോടെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, സിബിഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.

Content Highlight: CBI take over Case on Life Mission Probe