രാഹുൽ ഗാന്ധി പ്രചോദനമായി; മുൻ എംപി അജോയ് കുമാർ എഎപിയിൽ നിന്ന് രാജിവെച്ച് തിരികെ കോൺഗ്രസിലേക്ക്

Ajoy Kumar Rejoins Congress After Quitting AAP

മുൻ എംപി അജോയ് കുമാർ എഎപിയിൽ നിന്ന് രാജിവെച്ച് തിരികെ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ വർഷമായിരുന്നു ജാർഖണ്ഡിലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് അജോയ് കുമാർ എഎപിയിൽ ചേർന്നത്. സംസ്ഥാന നോതാക്കളുമായുള്ള ഭിന്നതയെ തുടർന്നായിരുന്നു രാജി. രാജ്യത്ത് നടക്കുന്ന അനീതിക്കും സ്ഥാപനങ്ങളുടെ പിടിച്ചെടുക്കലിനുമെതിരെ സംസാരിക്കാൻ രാഹുൽ ഗാന്ധി തന്നെ പ്രചോദിപ്പിച്ചു. അതുകൊണ്ട് കോൺഗ്രസിലേക്ക് മടങ്ങാൻ തീരുമാനിച്ചു എന്നായിരുന്നു കോൺഗ്രസിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് അജോയ് കുമാർ ട്വിറ്ററിൽ കുറിച്ചത്. രാഹുൽ ഗാന്ധിയാണ് തിരികെ പാർട്ടിയിലേക്ക് എത്തുന്നതിന് തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയിലേക്ക് മടങ്ങി വരുന്നതിനുള്ള അദ്ദേഹത്തിന്റെ അപേക്ഷ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകരിച്ചു. അജോയിയുടെ മടങ്ങി വരവ് ശരി വെച്ചു കൊണ്ട് സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണു ഗോപാൽ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. ജംഷഡ്പൂര്‍ എംപിയായിരുന്ന അജോയ് കുമാര്‍ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് പാര്‍ട്ടി വിട്ടത്. ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജി വെച്ച് ജാർഖണ്ഡ് വികാസ് മോർച്ചയിലൂടെയാണ് അജോയ് കുമാർ രാഷ്ട്രീയത്തിലെത്തിയത്. തുടർന്ന് 2014 ൽ കോൺഗ്രസിലെത്തി പാർട്ടിയുടെ വക്താവായി. 2017 ൽ അദ്ദേഹത്തെ പിസിസി അധ്യക്ഷനായി നിയമിക്കുകയുമയിരുന്നു.

Content Highlights; Ajoy Kumar Rejoins Congress After Quitting AAP