‘കര്‍ഷകര്‍ കാളയും കലപ്പയുമായി വരണമായിരുന്നോ?’ കേന്ദ്രമന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ത്തി ആംആദ്മി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ ആരോപണമുന്നയിച്ച കേന്ദ്രമന്ത്രി വി കെ സിങ്ങിനെതിരെ വിമര്‍ശനമുയര്‍ത്തി ആംആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരെ കണ്ടിട്ട് കര്‍ഷകരായി തോന്നുന്നില്ലെന്ന കേന്ദ്ര മന്ത്രിയുടെ ആരോപണത്തിന് ‘കര്‍ഷകര്‍ കാളയും കലപ്പയുമായി വരണമായിരുന്നോ’യെന്നാണ് ആംആദ്മി പാര്‍ട്ടി മറുപടി നല്‍കിയത്.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ നേരത്തെയും നിരവധി ആരോപണങ്ങള്‍ ബിജെപി ആവിച്ചു വിട്ടിട്ടുണ്ട്. സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നും ഖാലിസ്ഥാന്‍ വാദികളെന്നുമൊക്കെയാണ് ബിജെപി നേതാക്കള്‍ ആക്ഷേപിക്കുന്നത്. കര്‍ഷകരുടെ താല്‍പര്യ പ്രകാരമാണ് പുതിയ കാര്‍ഷിക നിയമം കൊണ്ടുവന്നതെന്നും നിയമം കൊണ്ടു വന്നതില്‍ കര്‍ഷകരെക്കാള്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്‌നമെന്നും മന്ത്രി കെ വി സിങ് പറഞ്ഞു. പ്രതിപക്ഷത്തിന് പുറമേ ഇടനിലക്കാരും സമരത്തിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

അതേസമയം, കര്‍ഷക നിലപാടിനൊപ്പമായിരുന്നു ആംആദ്മി സര്‍ക്കാരിന്റെ നിലനില്‍പ്പ്. പ്രതിഷേധക്കാരെ ഡല്‍ഹിയിലെത്താന്‍ അനുവദിക്കരുതെന്ന കേന്ദ്രത്തിന്റെ ആവശ്യം പാടെ തള്ളിയായിരുന്നു കര്‍ഷകരെ ഡല്‍ഹിക്കുള്ളില്‍ പ്രതിഷേധിക്കാനുള്ള അനുമതി ആംആദ്മി സര്‍ക്കാര്‍ നല്‍കിയത്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് എടുത്ത് പറഞ്ഞായിരുന്നു ഡല്‍ഹി സര്‍ക്കാര്‍ തലസ്ഥാനത്ത് പ്രതിഷേധിക്കാന്‍ അനുമതി നല്‍കിയത്.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നാളെയാണ് അടുത്ത ചര്‍ച്ച.

Content Highlight: AAP against Central Minister on farmers protest