തലച്ചോര്‍ തിന്നുന്ന അമീബ രോഗം ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു; ടെക്‌സസില്‍ മുന്നറിയിപ്പ്

ഹൂസ്റ്റണ്‍: ടെക്‌സസില്‍ ആറ് വയസ്സുകാരന്‍ തലച്ചോര്‍ തിന്നുന്ന അമീബ രോഗം ബാധിച്ച് മരിച്ചതോടെ മുന്നറിയിപ്പ് കര്‍ശനമാക്കി. പ്രദേശത്തെ വെള്ളത്തില്‍ നിന്നാണ് കുട്ടിക്ക് രോഗം ബാധിച്ചതെന്നാണ് നിലവിലെ വിലയിരുത്തല്‍. സെപ്റ്റംബര്‍ എട്ടിന് തലച്ചോര്‍ തിന്നുന്ന അമീബയായ നെയ്ഗ്ലേറിയ ഫൗലേറി ബാധിച്ച് ബ്രസോറിയയിലെ ലേക് ജാക്സണ്‍ നഗരത്തില്‍ ജോസിയ മാക് ഇന്റര്‍ എന്ന ആറുവയസ്സുകാരനാണ് മരിച്ചത്.

തടാകങ്ങളിലെയും നദികളിലെയും ചൂടുള്ള ശുദ്ധജലത്തിലും മോശമായി പരിപാലിക്കപ്പെടുന്ന നീന്തല്‍ക്കുളങ്ങളിലും വളരുന്ന മൈക്രോസ്‌കോപ്പിക് ജീവിയായ അമീബ നാഗ്ലേരിയ ഫോവ്‌ലെരി മൂലമുണ്ടാകുന്ന അണുബാധയാണ് രോഗത്തിന് കാരണമാകുന്നത്. നാസികാദ്വാരം വഴി അമീബ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിലേക്ക് തുളച്ചുകയറുന്നു. ഇത് ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ശക്തമായ മൈഗ്രെയ്ന്‍, ഹൈപ്പര്‍തേര്‍മിയ, കഴുത്ത് വേദന, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകുന്നു. തുടര്‍ന്ന് തലകറക്കം, കടുത്ത ക്ഷീണം, എന്നീ ലക്ഷണങ്ങളും പ്രകടിപ്പിക്കും.

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വീട്ടിലെ ഗാര്‍ഡന്‍ ഹോസിന്റെ ടാപ്പില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി ലെക് ജാക്സണ്‍ നഗരസഭ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരകേന്ദ്രത്തിലെ ജലധാരയിലും പ്രധാനനഗരമായ ഹൂസ്റ്റണിനടുത്തുളള മറ്റൊരു നഗരത്തിലെ ഫയര്‍ ഹൈഡ്രന്റിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി നഗരസഭ ഉദ്യോഗസ്ഥന്‍ മൊഡെസ്റ്റോ മുണ്ടോ അറിയിച്ചു.

1983 നും 2010 നും ഇടയില്‍ ടെക്‌സസില്‍ ഇതേ രോഗം ബാധിച്ച് 28 പേരോളം മരിച്ചിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Content Highlight: Texas On Alert After Brain-Eating Amoeba Kills Boy, 6