ഹത്രാസ് ബലാത്സംഗം; പെൺകുട്ടിക്ക് നീതി ആവശ്യപെട്ട് പ്രതിഷേധവുമായി ബോളിവുഡ് താരങ്ങൾ

Bollywood angry over Hathras gang-rape, demand justice for victim

ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂര ബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങൾ രംഗത്ത്. സംഭവത്തിൽ കുറ്റവാളികളെ തൂക്കിലേറ്റണമെന്നാവശ്യപെട്ട് നടൻ അക്ഷയ് കുമാർ ഉൾപെടെയുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. “അമർഷവും വേധനയും തോന്നുന്നു, എന്നാണ് ഇതൊന്ന് അവസാനിക്കുക. കുറ്റവാളികളെ പേടിപ്പിക്കുന്ന തരത്തിൽ നമ്മുടെ നിയമങ്ങൾ നടപ്പാക്കണം. ഈ കുറ്റകൃത്യം ചെയ്തവരെ തൂക്കിലേറ്റണം, നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും വേണ്ടി ശബ്ദമുയർത്തേണ്ട സമയമാണിതെന്നും” അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.

അത്യധികം വേദനിപ്പിക്കുന്ന സംഭവമാണിതെന്നും കുറ്റവാളികളെ പൊതുജനത്തിന് മുന്നിൽ വെച്ച് തൂക്കി കൊല്ലണമെന്ന് നടൻ റിതേഷ് ദേശ്മുഖ്‌ ട്വീറ്റ് ചെയ്തു. എല്ലാവരും അന്തസ്സോടെ ജീവിക്കാൻ അർഹരാണെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നുമായിരുന്നു റിച്ച ചദ്ദ ട്വീറ്റ് ചെയ്തത്. ക്രൂരതയ്ക്ക് യാതൊരു പരിധിയുമില്ലെന്ന് ഈ സംഭവം തെളിയിച്ചിരിക്കുകയാണെന്നും മാനസിക നില തെറ്റിയ ക്രൂര സമൂഹമായി രാജ്യം മാറിയിരിക്കുകയാണെന്നും സ്വയം ലജ്ജിക്കേണ്ട സമയമാണിതെന്നും സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു.

ഈ മാസം 14 നായിരുന്നു നാല് പേർ ചേർന്ന് പെൺകുട്ടിയെ തട്ടികൊണ്ടു പോയി ക്രൂര ബലാംത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ദ ചികിത്സക്കായി ദില്ലി എയിംസിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം.

Content Highlights; Bollywood angry over Hathras gang-rape, demand justice for victim