രാഹുലും പിയങ്കയും ഹത്രാസിലേക്ക്; പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ‘യുപിയിലെ നിര്‍ഭയ’യുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധി വാദ്രയും പുറപ്പെട്ടു. രാജ്യവ്യാപകമായി പീഡനത്തിനും പൊലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരുവരുടെയും യാത്ര. ജില്ലാ ഭരണകൂടം ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ സാധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തിനെതിരെ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെ ഒട്ടേറെ പേര്‍ പ്രതിഷേധം അറിയിച്ചിരുന്നു. കുടുംബാംഗങ്ങളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടാണ് പൊലീസ് യുവതിയുടെ മൃതസംസ്‌കാരം നടത്തിയത്. ഇതിനെതിരെയും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും മനുഷ്യ മതില്‍ തീര്‍ത്ത് അകറ്റി നിര്‍ത്തിയാണ് പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. ഹിന്ദുമത ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കണമെന്ന കുടുംബത്തിന്റെ ആവശ്യവും പൊലീസ് തള്ളി.

അതേസമയം, ഹത്രാസ് യുവതിയുടെ നീതിക്ക് വേണ്ടി പ്രതിഷേധം നടത്തിയ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് പൊലീസ് വീട്ടുതടങ്കലിലാക്കി. ആസാദ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍, അദ്ദേഹത്തെ വീട്ടുതലങ്കലില്‍ ആക്കിയിട്ടില്ലെന്നും ക്രമസമാധാന പാലനത്തിന്റെ ഭാഗമായി വീട്ടില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തതെന്ന് യു പി പൊലീസ് വ്യക്തമാക്കി.

Content Highlights: Rahul Gandhi and Priyanka Gandhi will meet Hathras victim’s family members today