‘ഈ രാജ്യത്ത് കൂടി നടക്കാന്‍ നരേന്ദ്രമോദിക്ക് മാത്രമേ അവകാശമുള്ളോ’? ഹത്രാസ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വഴി മധ്യേ തടഞ്ഞ് യു പി പൊലീസ്. ഡല്‍ഹി-ഉത്തര്‍പ്രദേശ് ഹൈവേയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. വഴിമധ്യേ പൊലീസ് ഇരുവരുടെയും വാഹനങ്ങള്‍ തടഞ്ഞതോടെ കാല്‍നടയായി പോകാനുള്ള ശ്രമമാണ് നേതാക്കള്‍ നടത്തുന്നത്.

പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ തള്ളി മാറ്റാന്‍ ശ്രമിച്ചതായും, ലാത്തി വീശിയതായും രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിക്ക് മാത്രമേ രാജ്യത്ത് കൂടി നടക്കാന്‍ അവകാശമുള്ളോയെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, ഒരു സാധാരണ പൗരന് അതിന് കഴിയില്ലേയെന്നും പൊലീസിനോട് ആരാഞ്ഞു. വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞതോടെ നടന്ന് നീങ്ങാനുള്ള തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പൊലീസ് ഉദ്യോഗസ്ഥൻ രാഹുല്‍ഗാന്ധിയെ തള്ളി നിലത്ത് വീഴ്ത്തിയതായി വീഡിയോയില്‍ കാണാം. നിരവധി പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ട്.

കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യുപി ഭരണകൂടം ഇന്ന് രാവിലെയാണ് വലിയ സമ്മേളനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും കൊറോണ വൈറസ് ആയതിനാല്‍ അതിര്‍ത്തികളില്‍ നിന്നുള്ള യാത്ര ഒഴിവാക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തത്. 142 കിലോമീറ്റര്‍ ദൂരമാണ് ഇനി ഹത്രാസിലേക്കുള്ളത്.

ഇന്നലെയാണ് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പൊലീസ് കുടുംബത്തിന് വിട്ട് നല്‍കാതെ സംസ്‌കരിച്ചത്. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും മനുഷ്യ മതില്‍ തീര്‍ത്ത് അകറ്റി നിര്‍ത്തിയാണ് പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. ഹിന്ദുമത ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കണമെന്ന കുടുംബത്തിന്റെ ആവശ്യവും പൊലീസ് തള്ളി.

Content Highlight: Rahul Gandhi Detained On Way To Hathras, Asks Cops “On What Grounds”