ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശമവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സോണിയ ഗാന്ധി പ്രതികരണം അറിയിച്ചത്.
ഹത്രാസിലെ യുവതി മരിച്ചതല്ലെന്നും, ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണെന്നുമാണ് സോണിയ ഗാന്ധി ആരോപിച്ചത്. പെണ്‍കുട്ടിക്ക് കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചു. മരിച്ചതിന് ശേഷം യുവതിക്ക് വീട് പോലും നിഷേധിച്ചതായി സോണിയ തുറന്നടിച്ചു. യുവതിയുടെ മൃതദേഹം അനാഥയെ പോലെ സംസ്കരിച്ചതോടെ അവള് അപമാനിക്കപ്പെട്ടുവെന്നും പൊലീസുകാരെ വിമര്‍ശിച്ച് സോണിയ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ചാണ് സംസ്കരിച്ചതെന്ന് ബന്ധുക്കള്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ബന്ധുക്കള്‍ക്ക് അന്തിമോപചാരം പോലും അര്‍പ്പിക്കാന്‍ അനുവദിക്കാതെ അര്‍ദ്ധരാത്രിയില്‍ പൊലീസ് എത്തി സംസ്കാരത്തിനായി കൊണ്ടുപോകുകയായിരുന്നുവെന്ന് കുടുബം പറയുന്നു. കനത്ത പൊലീസ് കാവലില്‍ പൊലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ജോയിന്റ് മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീട്ടുകാരെ ഉള്‍പ്പെടെ പൂട്ടിയിട്ട ശേഷമായിരുന്നു പൊലീസ് മൃതദേഹം സംസ്കരിച്ചത്.
അതേസമയം, ഹത്രാസ് യുവതിക്കെതിരായ അതിക്രമത്തിന് സമൂഹ മാധ്യമങ്ങളിലും പുറത്തും വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
Content Highlight: Sonia Gandhi against Yogi Government on Hathras rape murder