നിരോധനാജ്ഞ ലംഘനം: രാഹുല്‍, പ്രിയങ്കയുള്‍പ്പെടെ 203 പേര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അതിക്രൂര കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. യു പിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 203 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തിരിച്ചറിയാന്‍ കഴിയുന്ന 153 പേര്‍ക്കെതിരെയും തിരിച്ചറിയാന്‍ കഴിയാത്ത 50 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ എക്കോടെക്ക് പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 144 ലംഘനത്തിനൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്ന് തടയല്‍, കലാപം, കലാപം, മാരക ആയുധങ്ങള്‍ കൈവശം വെയ്ക്കല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്ക് മീതെ ചുമത്തിയിട്ടുണ്ട്.

അമ്പതോളം കാറുകള്‍ ഉള്‍പ്പെട്ട വാഹന വ്യൂഹമായിരുന്നു നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്ത് എത്തിയതെന്നും, ഹത്രാസ് യാത്ര ഉപേക്ഷിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ വന്നതോടെയാണ് ഇരുവരെയും മറ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യേണ്ടി വന്നതെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പൊലീസ് വാഹനവ്യൂഹം തടഞ്ഞതോടെ കാല്‍നടയായി നീങ്ങിയതോടെയാണ് പൊലീസ് കൂടുതല്‍ സംഘര്‍ഷം സൃഷ്ടിച്ചത്.

Content Highlight: FIR Registered against 203 including Rahul Gandhi and Priyanka Gandhi