ജനാധിപത്യ മര്യാതകള്‍ ലംഘിക്കപ്പെട്ടു; കാര്‍ഷിക നിയമങ്ങള്‍ കീറി കുപ്പയില്‍ എറിയും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് തിരക്കിട്ട് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു വന്നതോടെ ജനാധിപത്യ മര്യാതകള്‍ ലംഘിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലേറുന്ന അന്ന് തന്നെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പാസ്സാക്കിയ മൂന്ന് കരിനിയമങ്ങളും കീറി കുപ്പത്തൊട്ടയില്‍ എറിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ദ്വിദിന ട്രാക്ടര്‍ മാര്‍ച്ചിന് പഞ്ചാബില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക നിയമത്തില്‍ കര്‍ഷകര്‍ സന്തുഷ്ടരാണെങ്കില്‍ പിന്നെന്തിനാണ് അവര്‍ പ്രതിഷേധിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ആറ് വര്‍ഷമായി മോദി കള്ളം പറയുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമമെന്ന് പ്രധാനമന്ത്രി പറയുമ്പോഴും പിന്നെ എന്തുകൊണ്ടാണ് പരസ്യ ചര്‍ച്ച നടത്താതിരുന്നതെന്നും രാഹുല്‍ ചോദിച്ചു. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി മോദി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Content Highlight: Rahul Gandhi against PM Modi on Farm Law