രാഷ്ട്രീയ ലാഭത്തിനായി വികസന വിരോധികളാണ് സംസ്ഥാനത്ത് സാമുദായിക കലാപങ്ങൾ സൃഷ്ടിക്കുന്നത്; ഹത്രാസ് പ്രതിഷേധത്തിനെതിരെ യോഗി ആദിത്യനാഥ്

Days After Hathras, Yogi Adityanath's Jibe At Opposition, Advice For Cops

ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. വികസന വിരോധികളാണ് സംസ്ഥാനത്ത് ഗോത്ര, സാമുദായിക കലാപങ്ങൾ സൃഷ്ടിക്കുന്നതെന്നും പ്രശ്നങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് അവർ ശ്രമിക്കുന്നത്. ഈ ഗൂഢതന്ത്രങ്ങളെ അതീവ ജാഗ്രതോടെ മറികടന്ന് നമുക്ക് വികസന പാതയിൽ കുതിച്ചുയരണമെന്നുമായിരുന്നു യോഗി ട്വീറ്റ് ചെയ്തത്.

ഏത് വലിയ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും യോഗി ആദിത്യനാഥ് മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി. അമ്മമാരുടേയും സഹോദരിമാരുടേയും പട്ടികജാതി പട്ടിക വിഭാഗങ്ങളുടേയും കാര്യത്തിൽ പോലീസ് സെൻസിറ്റീവായി ഇടപെടണമെന്നും യോഗി ട്വീറ്റിൽ ആവശ്യപ്പെട്ടു. സ്ത്രീകളുമായി ബന്ധപെട്ട കേസുകൾ കൈകാര്യം ചെയ്യുമ്പോൾ സംസ്അഥാന പോലീസ് അതീവ ശ്രദ്ധ പുലർത്തണമെന്ന ഉപദേശവും യോഗി നൽകി. യുപി സർക്കാരും പോലീസും ഹത്രാസ് കേസിലെ മേൽ ജാതിക്കാരായ അക്രമികളെ സംരക്ഷിക്കുകയാണെന്ന വിമർശനവുമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് യുപി മുഖ്യമന്ത്രിയുടെ പ്രതികരണം.

പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ എതിർപ്പിനെ മറികടന്ന് പുലർച്ചെ 2 മണിക്ക് പോലീസ് ഇടപെട്ട് സംസ്കരിച്ചതും വലിയ വിവാദമായിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കാത്ത, ക്രമസമാധാനം തകർന്ന ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗി ആദിത്യനാഥിന് അർഹതയില്ലെന്നും രാജി വെക്കണമെന്നും ആവശ്യപെട്ട് പ്രതിപക്ഷം സമരത്തിലാണ്. കോണ്‍ഗ്രസ്, ഭീം ആർമി നേതാക്കൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട് എല്ലാ പിന്തുണയും വാദഗ്ദാനം ചെയ്തിട്ടുണ്ട്.

Content Highlights; Days After Hathras, Yogi Adityanath’s Jibe At Opposition, Advice For Cops