‘ട്രാക്ടറിലെ കുഷ്യന്‍ സോഫ പ്രതിഷേധമല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി

ഹരിയാന: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കെതിരെ വിമര്‍ശനവുമായി സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി. ട്രാക്ടറിലെ കുഷ്യനുള്ള സോഫ പ്രതിഷേധമല്ലെന്ന് ചൂണ്ടികാട്ടിയാണ് രാഹുല്‍ഗാന്ധിക്കതിരെ ഹര്‍ദീപ് സിങ് പുരി വിമര്‍ശനം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധി ട്രാക്ടറില്‍ ഇരിക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കു വെച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ കര്‍ഷക പ്രതിഷേധങ്ങള്‍ ജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാക്ടറിലെ കുഷ്യനുള്ള സോഫ പ്രതിഷേധമല്ലെന്നും, കര്‍ഷകരെ വഴിതെറ്റിക്കാനുള്ള പ്രതിഷേധ ടൂറിസമാണിതെന്നും ഹര്‍ദീപ് സിങ് ട്വീറ്റില്‍ വ്യക്തമാക്കി.

ഹരിയാനയിലും പഞ്ചാബിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ലക്ഷകണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്. മൂന്ന് ദിവസം നീണ്ടു നിന്ന റാലിക്കാണ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയത്.

Content Highlight: Hardeep Singh Puri against Rahul Gandhi’s Tractor protest