ഡല്‍ഹി കലാപം: അനുബന്ധ കുറ്റപത്രത്തില്‍ ആര്‍.എസ്.എസിനെതിരെ പരാമര്‍ശം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ അനുബന്ധ കുറ്റപത്രത്തില്‍ ആര്‍ എസ് എസിനെതിരെയും ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെയും പരാമര്‍ശം. ചീഫ് മെട്രാപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആര്‍ എസ് എസിനെതിരെ പരാമര്‍ശമുള്ളത്. സെപ്റ്റംബര്‍ 26 നായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരിയില്‍ ഹാഷിം അലി എന്ന വ്യക്തി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ആര്‍.എസ്.എസിന് എതിരെയും ബി.ജെ.പി. നേതാവ് കപില്‍ മിശ്രയ്ക്കെതിരെയും പരാമര്‍ശങ്ങളുള്ളത്. മതസൗഹാര്‍ദ്ധം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുസ്ലീം സമുദായക്കാര്‍ക്കെതിരെ പ്രതികാരം ചെയ്യുന്നതിനുമായി കട്ടര്‍ ഹിന്ദു ഏകത എന്ന പേരില്‍ വാട്‌സ്അപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. സഹായത്തിനായി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ എത്തുമെന്ന ഗ്രൂപ്പിലെ സന്ദേശമാണ് പരാമര്‍ശമായി പൊലീസ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുള്ളത്.

ഇതിനു പുറമേ ബി.ജെ.പി. നേതാവ് കപില്‍ മിശ്രയ്ക്കെതിരെയും അനുബന്ധ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം കഴിയുന്നതു വരെ തങ്ങള്‍ കാത്തിരിക്കും. അതിനു മുന്‍പ് പോലീസ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വഴി തടയുന്നതും മറ്റുമായ പ്രതിഷേധങ്ങള്‍ നീക്കണം. ട്രംപിന്റെ സന്ദര്‍ശനത്തിനു ശേഷം തങ്ങള്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കപില്‍ മിശ്ര സൂചിപ്പിച്ചതായാണ് ഈ വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.

Content Highlight: Delhi riots: Police file supplementary charge sheet, name 9 for promoting religious enmity