കർഷക സമരം ശക്തം; കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം

Protest over farmer's bill: Centre ready for talks

ഉത്തരേന്ത്യയിൽ കർഷക സമരം ശക്തമാകുന്നതിനിടെ നാളെ കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ കേന്ദ്രവുമായി ചർച്ചയ്ക്ക് ഇല്ലെന്ന് പഞ്ചാബിലെ കർഷകരുടെ സംയുക്ത സമിതി വ്യക്തമാക്കുന്നത്. കാർഷിക മേഖലയിൽ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടു കൊണ്ട് മൂന്ന് നിയമങ്ങളാണ് കഴിഞ്ഞ മാസം കേന്ദ്രസർക്കാർ പാസാക്കിയത്. അന്നു മുതലാണ് രാജ്യത്തെ നൂറോളം വരുന്ന കർഷക സംഘടനകൾ സമരമാരംഭിച്ചത്. ഹരിയാന പഞ്ചാബ് എന്നിവിടങ്ങളിലാണ് കർഷക പ്രക്ഷോഭം ശക്തി പ്രാപിച്ചത്.

സമരം ശക്തി പ്രാപിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് തയ്യാറാണെന്ന കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് കർഷക സംഘടനകൾക്ക് ലഭിച്ചത്. ടെലിഫോണിലൂടെയും ഇ മെയിൽ വഴിയും നടക്കുന്ന നാളത്തെ ചർച്ചയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്താനായിരുന്നു കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ നിർദേശിച്ചത്. കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ ഗൌരവമായി പരിഗണിക്കുന്നില്ലെന്ന കാരണത്താലാണ് ചർച്ചക്കില്ലെന്ന് സംഘടനകൾ അറിയിച്ചത്.

എന്നാൽ ഇടത് പിന്തുണയുള്ള കർഷക സംഘടനകളൊന്നും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെപി അനുകൂല കർഷക സംഘടനകൾ ചർച്ചയിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ കർഷക സംഘടനകൾ ചർച്ചയിൽ പങ്കെടുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

Content Highlights; Protest over farmer’s bill: Centre ready for talks