പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് റെയ്ഡ്: കണ്ടാലറിയുന്ന 150ഓളം പ്രതിഷേധക്കാര്‍ക്കെതിരെ കേസ്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന വ്യാപക എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനെതിരെ പ്രതിഷേധിച്ച 150 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. രാജ്യമാകെ 26 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും ഒരേ സമയം റെയ്ഡ് നടന്നത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനായിരുന്നു മിന്നല്‍ റെയ്ഡ്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന കാരണം കാണിച്ചാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടം കൂടി, ഗതാഗതം സ്തംഭിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോഴിക്കോട്ട് രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് വരെ നീണ്ടിരുന്നു. റെയ്ഡ് നീണ്ടതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. അതേസമയം, ആരുടെ പേരിലൊക്കെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നേതാക്കളടക്കം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Content Highlight: Police registered case over 150 people who protest against Popular Front office raid