ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗ കേസിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ദിവസം കൂട്ടി നല്‍കിയത്. ഇന്നായിരുന്നു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നത്.
നേരത്തെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച പ്രത്യേക അന്വേഷണ സംഘം, പെണ്‍കുട്ടിയുടെ വീട്ടുകാരെ രണ്ടാമതും ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം, കൂട്ടബലാത്സംഗ കേസിലെ മുഖ്യപ്രതിക്ക് പെണ്‍കുട്ടിയുമായും പെണ്‍കുട്ടിയുടെ സഹോദരനുമായും അടുപ്പമുണ്ടെന്ന യുപി പൊലീസ് വാദത്തെ കുടുംബം എതിര്‍ത്തു. മുഖ്യപ്രതി സഹോദരന്റെ ഫോണിലേക്കും തിരിച്ചും വിളിച്ചിട്ടുള്ള ഫോണ്‍ രേഖകള്‍ തെളിവായെടുത്താണ് പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നെന്ന് പൊലീസ് വിശദീകരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘം ഇന്ന് സഹോദരനെ ചോദ്യം ചെയ്യും. കേസില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിബിഐ ഇതേവരെ അന്വേഷണം ഏറ്റെടുത്തിട്ടില്ല. പ്രത്യക സംഘത്തിന്റെ കീഴിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് സിബിഐക്ക് വിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം തന്നെ കേസുമായി മുന്നോട്ട് പോകുന്നതിനെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നിരുന്നു.
Content Highlight: SIT not to submit Hathras case report today