സ്മിത മേനോനെ മഹിള മോര്‍ച്ച ഭാരവാഹിയാക്കിയത് മുരളീധരനല്ല താനാണെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്മിത മേനോനെ മഹിള മോര്‍ച്ച ഭാരവാഹി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് വി മുരളീധരനല്ല, താനാണെന്നാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. സ്മിതയുടെ നിയമനത്തിന് മുരളീധരനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരനെതിരായ വിവാദത്തില്‍ സിപിഎം ഒത്താശയോടെ വ്യക്തിഹത്യ നടക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും സ്വപ്‌നയുടെയും ബന്ധം സംബന്ധിച്ച് ഇഡി പുറത്ത് വിട്ട റിപ്പോര്‍ട്ടിനെ കുറിച്ചും സുരേന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് സ്വപ്‌ന സുരേഷിനെ അറിയാമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. ഇഡി കുറ്റപ്പത്രം സമര്‍പ്പിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് അമ്പരിപ്പിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിയുടെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്നും, ഗുരുതരമായ ആരോപണം നേരിടുന്ന മുഖ്യമന്ത്രി രാജി വെക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തിലാണ് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ പിആര്‍ ഏജന്‍സിയുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു സ്മിത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മന്ത്രി കെ ടി ജലീലിന്റെ ചട്ടലംഘനത്തില്‍ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ ബിജെപി തന്നെ പ്രതികൂട്ടിലായതോടെയാണ് വ്യക്തത വരുത്തി ബിജെപി അധ്യക്ഷന്‍ തന്നെ രംഗത്ത് വന്നത്.

Content Highlight: K Surendran clarifies allegation on protocol violence of V Muraleedharan