ലക്‌നൗ: സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ക്ഷമിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് യോഗി സര്‍ക്കാരിന്റെ പ്രതിഛായ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍.
സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളോട് ക്ഷമിക്കില്ലെന്നും, അതാണ് യുപി സര്‍ക്കാരിന്റെ നയമെന്നുമാണ് യോഗി പറഞ്ഞത്. സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഹത്രാസ് സംഭവത്തില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരായി യോഗി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് യോഗിയുടെ മുഖം മിനുക്കല്‍ നടപടി.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ മുമ്പിലാണ് ഉത്തര്‍പ്രദേശ്. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട 59853 കേസുകളാണ് 2019 ല്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ ഇത് 59445 ആയിരുന്നു. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കാന്‍ പ്രത്യേക ക്യാംപയിന്‍ ആരംഭിക്കാന്‍ ബുധനാഴ്ച മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഹത്രാസ് സംഭവത്തില്‍ ബിജെപിയില്‍ നിന്നു തന്നെ യോഗിക്ക് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ 2 മണിക്ക് സംസ്‌കരിച്ചതടക്കം സര്‍ക്കാരിന് തിരിച്ചടിയായി. ഉയര്‍ന്ന ജാതിയിലുള്ള പ്രതികളെ സംരക്ഷിക്കാനാണ് യോഗി സര്‍്കകാരിന്റെ ശ്രമമെന്നും പ്രതിപക്ഷ നേതാക്കളെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കാതിരുന്നതും വലി പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.
Content Highlight: ‘Violence against women is unforgivable’; The Yogi government is ready to regain its image