മുഖ്യമന്ത്രിയുടെ വസതിയില്‍ യുഎഇ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി; മൊഴി നല്‍കി സ്വപ്ന

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വരുന്ന സ്വപ്‌ന സുരേഷിന്റെ പുതിയ മൊഴി പുറത്ത്. 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ മുഖ്യമന്ത്രിയും, യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച്ച നടന്നതായാണ് സ്വപ്‌ന ഇഡിക്കു മുമ്പാകെ മൊഴി നല്‍കിയത്. സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കഴിഞ്ഞ ദിവസം സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.

യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിനാണ് ചുമതലയെന്ന് അറിയിച്ച പ്രകാരമാണ് ശിവശങ്കറുമായി സംസാരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും പരസ്പരം വിളിക്കാറുണ്ടായിരുന്നെന്നും അങ്ങനെയാണ് തങ്ങളുടെ പരിചയം വളര്‍ന്നതെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു.

സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നെന്നും സ്വപ്‌ന ഇഡിക്ക് മുമ്പില്‍ പറഞ്ഞു. സ്‌പേസ് പാര്‍ക്കിലെ അവസരത്തെ കുറിച്ച് അറിയിച്ചത് ശിവശങ്കറാണെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.

Content Highlight: Chief Minister had a meeting with the UAE Consul General at his residence- Swapna Suresh