ഹത്രാസ് കുടുംബത്തിന് ത്രിതല സംരക്ഷണം; സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ത്രിതല സംരക്ഷണം ഉറപ്പു വരുത്തിയതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഗ്രാമത്തില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കാനും, കുടുംബത്തിലെ സ്ത്രീ അംഗങ്ങള്‍ക്കായി വനിത പൊലീസ് ഉദ്യഗസ്ഥരെയും നിയമിക്കാനും ധാരണയായി.

അതേസമയം, ബലാത്സംഗക്കേസ് ഏറ്റെടുത്ത സിബിഐ പെണ്‍കുട്ടിയുടെ കുടുംബത്തെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യും. ചൊവ്വാഴ്ച്ചയാണ് അന്വേഷണ സംഘം ഗ്രാമം സന്ദര്‍ശിച്ചത്. പെണ്‍കുട്ടിയുടെ സഹോദരന്മാരെയും പിതാവിനെയും സിബിഐ ചോദ്യം ചെയ്യുന്നതിനായി താല്‍കാലിക ഓഫീസിലേക്ക് മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഭാഗം പ്രതികളായ നാല് പേരെയും മധുര ജയിലില്‍ കണ്ട് ചോദ്യം ചെയ്തിരുന്നു.

കുടുംബത്തിന് സുരക്ഷ നല്‍കാനായി 2 ഇന്‍സ്‌പെക്ടര്‍മാര്‍, 2 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 8 കോണ്‍സ്റ്റബിള്‍സ്, 2 ഹെഡ് കോണ്‍സ്റ്റബിള്‍സ്, 4 വനിത പൊലീസുകാര്‍, 15 പേരടങ്ങുന്ന മറ്റൊരു ടീം എന്നിങ്ങനെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. 8 സിസിടിവി ക്യാമറകളും ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കുശ്വാഹ, രാജ് രത്തന്‍ എന്നീ വക്കീലുമാരുടെ സൗജന്യ സോവനവും പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉറപ്പു വരുത്തിയിട്ടുണ്ട്.

Content Highlight: Hathras Case: UP govt files fresh affidavit in SC, says three-layer security provided to victim’s family