മോദിയുടെ സ്വത്തിൽ പതിനഞ്ച് മാസത്തിനിടെ 36.53 ശതമാനം വർധന; അമിത് ഷായുടെ സ്വത്തിൽ കുറവ്

PM Modi richer than last year, Amit Shah’s net worth takes a hit: PMO 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ കഴിഞ്ഞ 15 മാസത്തിനിടെ 36.53 ശതമാനം വർധനവ് ഉണ്ടായതായി കണക്കുകൾ. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് മന്ത്രിമാരടക്കം പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച അസറ്റ് ഡിക്ലറേഷനിലാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക നിലയെക്കുറിച്ച് പറയുന്നത്. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് കാണിക്കുന്നത്. 

മോദിയുടെ മൊത്തം ആസ്തി ജൂൺ 30 വരെ 2.85 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 2.49 കോടിയായിരുന്നു. 3.3 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും കഴിഞ്ഞ ഒരു വർഷത്തിനിടെ 33 ലക്ഷം രൂപയുടെ സുരക്ഷിത നിക്ഷേപത്തിൽ നിന്ന് ലഭിച്ച ലാഭവുമാണ് മോദിയുടെ വരുമാനത്തിന് വർധനവ് ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ട്. തനിക്ക് ലഭിക്കുന്ന ശമ്പളത്തിൻ്റെ ഭൂരിഭാഗവും നിക്ഷേപമാക്കി മാറ്റുന്ന ആളാണ് മോദിയെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വീണ്ടും നിക്ഷേപിക്കുന്നതിനാലാണ് ആസ്തിയിൽ വർധനവ് കാണിക്കുന്നത്. 

എന്നാൽ ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ മോദിക്കില്ല. അദ്ദേഹം വായ്പ എടുത്തിട്ടില്ല. പേരിൽ സ്വന്തമായി വാഹനങ്ങളുമില്ല. എന്നാൽ 45 ഗ്രാം ഭാരമുള്ള നാല് സ്വർണമോതിരങ്ങളുണ്ട്. ഇതിൻ്റെ മൂല്യം 1.50 ലക്ഷം രൂപയാണ്. ഈ വർഷം ജൂൺ വരെ പ്രധാനമന്ത്രി മോദിയുടെ കെെയ്യിൽ 31,450 രൂപയും എസ്.ബി.ഐ ഗാന്ധിനഗർ എൻ.എസ്.സി ബ്രാഞ്ചിൽ 3,38,173 രൂപയും ഉണ്ട്. 

മോദിയുടെ സ്വത്തിൽ വർധനവ് ഉണ്ടായപ്പോൾ അമിത് ഷായുടെ സ്വത്ത് കുറഞ്ഞതായാണ് റിപ്പോർട്ടിൽ കാണിക്കുന്നത്. ഷെയർ മാർക്കറ്റിലെ ഇടിവാണ് അമിത് ഷായുടെ സ്വത്തിൽ കുറവു വരുത്തിയതെന്നാണ് വിശദീകരണം. 2020 ജൂണ്‍ വരെയുള്ള അമിത് ഷായുടെ ആസ്തി 28.63 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 32.3 കോടി രൂപയായിരുന്നു. പൊതുജീവിതത്തിൽ കൂടുതൽ സുതാര്യത പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ സ്വത്തുക്കളും ബാധ്യതകളും പരസ്യമാക്കുന്ന പതിവ് ആരംഭിച്ചത്. 2004ൽ അടൽ ബിഹാരി വാജ്പേയി സർക്കാരാണ് പദ്ധതി ആദ്യം അവതരിപ്പിക്കുന്നത്. 

content highlights: PM Modi richer than last year, Amit Shah’s net worth takes a hit: PMO