പെണ്‍കുട്ടികളുടെ വിവാഹപ്രായ പുനര്‍നിര്‍ണയം: കേന്ദ്ര തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടികാട്ടിയ പെണ്‍കുട്ടികളുടെ വിവാഹപ്രായ പുനര്‍നിര്‍ണയം ഉടന്‍ തന്നെ കേന്ദ്രം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പെണ്‍മക്കളുടെ വിവാഹ പ്രായം എത്രയായിരിക്കണമെന്നത് നിശ്ചയിക്കാന്‍ സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദഗ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ വിവാഹപ്രായം നിശ്ചയിക്കുമെന്നും അദ്ദേഹം ചൂണ്ടാകാട്ടി.

ഭക്ഷ്യ കാര്‍ഷിക ഓര്‍ഗനൈസേഷനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സമിതിയുടെ റിപ്പോര്‍ട്ടിനെ കുറിച്ചും സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ചും ചോദിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും സ്ത്രീകള്‍ കത്തയക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രവേശനാനുപാതം ആണ്‍കുട്ടികളെക്കാള്‍ ഉയര്‍ന്നതായും പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 മാണ് വിവാഹപ്രായം.

Content Highlight: Govt to Soon Take Decision on Revising Minimum Age of Marriage for Girls: PM Modi