ചെെനയ്ക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക രംഗത്ത്; നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും

ചെെനയ്ക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക രംഗത്തെത്തി. ഷിൻജിയാങ് പ്രദേശത്ത് വംശഹത്യങ്ങൾ അല്ലെങ്കിൽ അതിനോട് അടുത്തുനിൽക്കുന്ന കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ പറഞ്ഞു. ആസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഓൺലെെൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യമുടി ഉപയോഗിച്ച് നിർമിച്ച നിരവധി ഉത്പന്നങ്ങൾ യുഎസ് കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഉയിഘർ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് മുടി ഉത്പന്നങ്ങൾ നിർമിച്ച് യുഎസിലേക്ക് കയറ്റി അയക്കുകയാണ് ചെെന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ മുടി ഉപയോഗിച്ചുകൊണ്ടുള്ള ഷിൻജിയാങ്ങിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി ജൂണിൽ യുഎസ് നിരോധിച്ചിരുന്നു. നേരത്തേയും ഉയിഘർ, ന്യൂനപക്ഷ മുസ്ലീങ്ങൾ തുടങ്ങിയവരോടുള്ള ചെെനയുടെ പെരുമാറ്റത്തെ യുഎസ് വിമർശിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് വംശഹത്യ ആരോപണം നടത്തുന്നത്. ചെെനയ്ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടാവുന്ന, നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആരോപണമാണ് യുഎസ് നടത്തിയിരിക്കുന്നത്. പത്തു ലക്ഷത്തിലധികം മുസ്ലിങ്ങൾ ഷിൻജിയാങ്ങിൽ കരുതൽ തടങ്കലിലാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. 

content highlights: “Something Close” To Genocide In China’s Xinjiang: US Security Adviser