അടിയന്തിര ചികിത്സ ആവശ്യമില്ല; ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും

തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ആരോപണ വിധേയനുമായ എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍. ഇന്ന് തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനാണ് സാധ്യത.

കലശലായ നടുവേദന ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ വേദന സംഹാരികള്‍ മാത്രം മതിയെന്നാണ് ആശുപത്രി അധികൃതരുടെ അറിയിപ്പ്.

അതേസമയം, ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചിരുന്നു. 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കസ്റ്റംസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Content Highlight: M Shivasankar may discharge today