ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന് എന്‍ഐഎ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന് എന്‍ഐഎ അഭിഭാഷകന്‍. ഹൈക്കോടതിയില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ടപ്പോഴാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തീര്‍പ്പാക്കി.

കേസില്‍ പ്രതിയല്ലാത്തൊരാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത് അപക്വമാണെന്നായിരുന്നു എന്‍ഐഎ അഭിഭാഷകന്റെ വാദം. അപക്വമായ കേസ് പരിഗണിക്കേണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടികാട്ടി. കേസില്‍ പ്രതിയല്ലെന്ന് പറഞ്ഞതോടെ പരാമര്‍ശം അംഗീകരിച്ച് കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

അതേസമയം, കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. ഇതുവരെ 11 തവണയായി നൂറിലേറെ മണിക്കൂര്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും, വേണമെങ്കില്‍ ഇനിയും ഹാജരാകാന്‍ തയാറാണെന്ന് കാണിച്ചാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ശിവശങ്കര്‍ നല്‍കിയത്.

Content Highlight: Kerala High Court granted Anticipatory Bail to M Shivasankar