ശിവശങ്കറിന്റെ അസുഖം തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കസ്റ്റംസ്

കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്റെ അസുഖം തട്ടിപ്പായിരുന്നെന്ന് കസ്റ്റംസ്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിലേക്ക് മടങ്ങുന്ന വഴി അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാലാണ് ശിവശങ്കര്‍ നാടകം കളിച്ചതെന്നും ഇദ്ദേഹത്തിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യ പരിശോധനയില്‍ മനസ്സിലായതായും കസ്റ്റംസ് പറഞ്ഞു.

തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും ഭാര്യ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ചികിത്സയും ഇതിന്റെ ഭാഗമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ കോടതിയില്‍ നടന്ന വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് കോടതി വിലക്കിയിരുന്നു.

പൂജപ്പുരയിലെ വീട്ടില്‍ നിന്ന് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, നടുവിനും കഴുത്തിനും വേദനയെന്ന് പറഞ്ഞ ശിവശങ്കറിനെ വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കിടത്തി ചികിത്സ ആവശ്യമില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പിന്നാലെ വഞ്ചിയൂരില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എത്ര ദിവസത്തെ ചികിത്സയെന്നു വ്യക്തമല്ല.

Content Highlight: Customs against Shivasankar on Court