ബിജെപി വനിത സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് കമല്‍നാഥ്

ഭോപ്പാല്‍: ബിജെപി വനിത സ്ഥാനാര്‍ത്ഥിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി, ബിജെപി സ്ഥാനാര്‍ത്ഥിയായ ഇര്‍മതി ദേവിയെ ‘ഐറ്റം’ എന്ന് വിളിച്ച കമല്‍നാഥിന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കിയത്. തന്റെ പരാമര്‍ശം അവഹേശനമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കമല്‍നാഥ് വ്യക്തമാക്കി.

ഒരു ‘ഐറ്റ’മായ എതിര്‍സ്ഥാനാര്‍ഥിയെ പോലെയല്ല തങ്ങളുടെ സ്ഥാനാര്‍ഥിയെന്നും അദ്ദേഹം എളിയവനാണെന്നുമായിരുന്നു കമല്‍നാഥിന്റെ വാക്കുകള്‍. ‘ഞാന്‍ എതിര്‍സ്ഥാനാര്‍ഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്കേവര്‍ക്കും അവരെ അറിയാം. എന്തൊരിനമാണത്’ എന്നായിരുന്നു പ്രചാരണ വേളയില്‍ കമല്‍നാഥ് നടത്തിയ പരാമര്‍ശം. ഇതിനിടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ ഇമര്‍തി ദേവി എന്ന് വിളിച്ചു പറയുകയും ചെയ്‌തോടെ മധ്യപ്രദേശ് കോണ്‍ഗ്രസ് വിവാദത്തിലാവുകയായിരുന്നു.

എന്നാല്‍, ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുെട ശ്രമമെന്നാണ് തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കമല്‍നാഥ് പറഞ്ഞത്. താന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും, അവഹേളിക്കുന്ന പരാമര്‍ശമാണ് താന്‍ നടത്തിയതെന്ന് അവര്‍ പറയുന്നെന്നും കമല്‍നാഥ് പറഞ്ഞു. തന്റെ പരമാര്‍ശം അവഹേളനമായി തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും കമല്‍നാഥ് പറഞ്ഞു.

നവംബറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം. ദാബ്രയില്‍ നടന്ന യോഗത്തിനിടെയാണ് കമല്‍നാഥ് ഇമര്‍തി ദേവിക്കെതിരെ പരാമര്‍ശം ഉയര്‍ത്തിയത്.

Content Highlight: Regret if my comment hurt someone: Congress leader Kamal Nath on ‘item’ jibe for Imarti Devi