അനുമതിയില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ കുറ്റം; ‘ധര്‍മ സ്വതന്ത്രതാ ബില്‍’ പാസ്സാക്കാന്‍ മധ്യപ്രദേശ്

ഭോപ്പാല്‍: വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സാധ്യമല്ലെന്ന അലഹാബാദ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ലൗ ജിഹാദിനെതിയെ നിയമവുമായി സംസ്ഥാനങ്ങള്‍. കളക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാന്‍ അവകാശമുള്ള നിയമമാണ് മധ്യപ്രദേശ് പാസ്സാക്കാന്‍ ഒരുങ്ങുന്നത്. ‘ധര്‍മ സ്വതന്ത്രതാ ബില്‍’ എന്നാണ് നിയമത്തിന്റെ പേര്.

28 ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ പാസ്സാക്കാനിരിക്കുന്ന ബില്‍ പ്രകാരം വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നതിന് ഒരു മാസം മുമ്പ് തന്നെ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഇത്തരത്തില്‍ അനുമതി ലഭിക്കാതെ നടത്തുന്ന വിവാഹങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന ആരെയും പ്രതിയായി കണക്കാക്കും. ജാമ്യമില്ലാ കുറ്റമാണ് ചുമത്തുക. അങ്ങനെ സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയുമെല്ലാം രജിസ്ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വകുപ്പുണ്ട്. ബില്‍ പ്രകാരം, വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന പുരോഹിതന് അഞ്ച് വര്‍ഷം വരെയാണ് തടവ്.

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം. കര്‍ണാടകയും ഹരിയാനയും സമാന നിയമങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, രണ്ട് വ്യക്തികള്‍ക്ക്, അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായാല്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായി അവകാശമുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഈ അവകാശത്തില്‍ കടന്നുകയറാന്‍ സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ കഴിയില്ലെന്നായിരുന്നു അലഹാബാദ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Content Highlight: ‘Love jihad’: Madhya Pradesh proposes 10-year jail term in draft bill