കൊച്ചി: വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തി വന്നിരുന്ന ട്രാന്‍സ്ജെന്‍ഡറായ സജനയെ അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് വഴിയരികിലെ കച്ചവടം ചിലര്‍ മുടക്കിയതിനെ തുടര്‍ന്ന് നിറ കണ്ണുകളുമായി സജന സമൂഹ മാധ്യമങ്ങളില്‍ വന്ന് തന്റെ അവസ്ഥ തുറന്ന് പറഞ്ഞത്. ഇതിന് പിന്നാലെ പ്രമുഖരുടെയടക്കം വന്‍ പിന്തുണ സജനയ്ക്ക് ലഭിച്ചിരുന്നു.
തനിക്ക് പിന്തുണയറിയിച്ച എല്ലാവര്ക്കും സജന നന്ദിയും അറിയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നേരത്തത്തെക്കാള്‍ ബിരിയാണിക്കുള്ള ഓര്‍ഡറും സജനയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സജനയുടേതെന്ന പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പാണ് സജനയെ കുഴപ്പത്തിലാക്കിയത്.
സജനയെ ആക്ഷേപിച്ച് പലരും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതില്‍ മനം നൊന്ത് ജീവനൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമിത ഗുളിക കഴിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സജന ചികിത്സയിലാണ്.
മറ്റൊരു ട്രാന്‍സ് വുമണ്‍ തന്നെയാണ് സജനയ്ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. സജനയുടെ പേരിലുള്ള ഓഡിയോ ക്ലിപ്പെന്ന പേരില്‍ ഒപ്പമുള്ള ആളിനോട് സംസാരിക്കുന്ന തരത്തിലായിരുന്നു സന്ദേശം. സജന നിലനില്‍പ്പിനായി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഗൂഡാലോചനയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു വീഡിയോ. വിവാദങ്ങള്‍ പ്രചരിച്ചതില്‍ മനംനൊന്താണ് സജന അമിതമായി ഗുളിക കഴിച്ചതെന്നാണ് സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍.
Content Highlight: Sajna Shaji admitted to hospital after suicide attempt