കൊച്ചി: വിവാദത്തിലായ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെയുള്ള പരാതികള്‍ വര്‍ദ്ധിക്കുന്നു. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ നിരവിധി കുടുംബങ്ങളാണ് ഇതുവരെ പുറത്ത് പറയാതിരുന്ന തങ്ങളുടെ ദുരവസ്ഥകള്‍ മാധ്യമങ്ങളുമായി പങ്കു വെക്കുന്നത്. മറ്റൊരു കുടുംബം കൂടി പൊലീസില്‍ പരാതി നല്‍കിയതോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ അനാസ്ഥക്കെതിരെ പരാതിപ്പെട്ടവരുടെ എണ്ണം മൂന്നായി.
ആലുവ കുന്നുകര സ്വദേശി ജമീലയുടെ മകനാണ് ഇന്ന് പൊലീസില്‍ പരാതി നല്‍കിയത്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ കുടുംബവും, ആലുവ സ്വദേശി ബൈഹക്കിയുടെ കുടുംബവും നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു. അതിനിടെ മെഡിക്കല്‍ കോളേജിലെ നഴ്സുമാരുടെ അനാസ്ഥ ചൂണ്ടികാട്ടി പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്റെ ബന്ധുക്കളും രംഗത്തെത്തി.
കൊവിഡ് പോസിറ്റിവായ പിതാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഇടക്ക് വിളിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞെങ്കിലും വിളിക്കാതെ വന്നതോടെ പിതാവിന്റെ ഫോണിലേക്ക് വിളിച്ചു. മൂന്നാമത്തെ ദിവസം മുതല്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ പിതാവിനെ കാണാന്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കയ്യിലും വയറിലും സമീപത്തുണ്ടായിരുന്ന ഫോണിലുമെല്ലാം ചോര കട്ടപിടിച്ച നിലയിലായിരുന്നു. കയ്യില്‍ ഇന്ജക്ഷനെടുക്കാനായി ഇട്ട കാനുലയുടെ അടപ്പ് അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് രക്തം ചീറ്റി മൊബൈല്‍ ഫോണ്‍ പോലും കേടുവന്ന നിലയിലായെന്ന് അനീഷും അജ്മലും പറഞ്ഞു.
ആശുപത്രിയിലെ സാഹചര്യം മനസ്സിലാക്കിയതോടെ രണ്ട് ലക്ഷം രൂപ കടം വാങ്ങി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ഖാദറിന്റെ മക്കള്‍ പറഞ്ഞു. രക്തം കട്ട പിടിച്ച ഫോണിന്റെ ചിത്രം തെളിവിനായി ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്. പാവപ്പെട്ട ഒരുപാട് രോഗികള്‍ ആശുപത്രിയില്‍ ഉണ്ടെന്നും അവര്‍ക്കെങ്കിലും നല്ല ചികിത്സ ലഭിക്കണമെന്ന് കരുതിയാണ് ഇതെല്ലാം തുറന്ന് പറയുന്നതെന്ന് അജ്മല്‍ പറഞ്ഞു.
Content Highlight: Complaints against Kalamassery Medical College increasing