മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമത്വം കാണിച്ച ചാനലുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച സിബിഐയ്ക്ക് തിരിച്ചടിയായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐയ്ക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കേസില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാര്‍ ഉത്തരവ്.
റിപ്പബ്ലിക് ടിവിയടക്കം മൂന്ന് ചാനലുകള്‍ക്കാണ് ടി ആര്‍ പി റേറ്റിങ്ങില്‍ കൃത്രിമത്തം നടത്തിയെന്നതിന്റെ പേരില്‍ മഹാരാഷ്ട്ര പൊലീസ് അന്വേഷണം നടത്തിയത്. ഇത് പ്രകാരം അര്‍ണബ് ഗോ സ്വാമിയോട് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ലക്‌നൗവിലെ ഹസ്രത്ഗജ്ഞ് പൊലീസ് സ്റ്റേഷനിലാണ് ടിആര്‍പി കേസ് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
ഡല്‍ഹി സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് (1956) നല്‍കുന്ന അധികാരമുപയോഗിച്ചാണ് ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് സേന അംഗങ്ങള്‍ക്ക് കേസ് അന്വേഷിക്കുന്നതിനുള്ള അനുമതി മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നതായി ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്ക്ക് വാദ്, സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
സിബിഐയ്ക്ക് സ്വയം അന്വേഷണ ചുമതല ഏറ്റെടുക്കാമെന്ന നിയമത്തില്‍ നിന്ന് അന്വേഷണത്തിന് സംസ്ഥാന അനുമതി വേണമെന്ന വ്യവസ്ഥ നേരത്തെ രാജസ്ഥാനും പശ്ചിമ ബംഗാളും കൊണ്ടു വന്നിരുന്നു.
Content Highlight: Maharashtra stalls CBI moves, scraps consent to probe cases