ടിആര്‍പി റേറ്റിങ് ക്രമക്കേട്: അര്‍ണബിനെ കുരുക്കി പാര്‍ഥോയുടെ മൊഴി

മുംബൈ: ടിആര്‍പി റേറ്റ് ക്രമകേടില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി പണം നല്‍കിയിരുന്നെന്ന് വെളിപ്പെടുത്തി ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്ത. 2004 മുതല്‍ അര്‍ണബുമായി പരിചയമുണ്ടായിരുന്നതിനാല്‍ ചാനല്‍ ആരംഭിക്കുന്നതിന് മുമ്പ തന്നെ ചാനലിന്റെ റേറ്റിങ്ങ് നിലനിര്‍ത്താന്‍ പരോക്ഷമായി സഹായിക്കണമെന്ന് ബാര്‍ക് സിഇഒ ആയ തന്നോട് ആവശ്യപ്പെട്ടിരുന്നതായി പാര്‍ഥോ വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചാനലിന് അനുകൂലമായി ഉയര്‍ന്ന റേറ്റിങ്ങ് നല്‍കിയതിന് പ്രതിഫലമെന്നോണം മൂന്നുവര്‍ഷത്തിനിടെ 40 ലക്ഷം രൂപ ലഭിച്ചുവെന്നും കുടുംബവുമായി വിദേശരാജ്യങ്ങളില്‍ യാത്ര നടത്തുന്നതിന് 12,000 യുഎസ് ഡോളര്‍ നല്‍കിയെന്നും ടിആര്‍പി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഫയല്‍ ചെയ്ത അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു. 2017 മുതല്‍ 2019 വരെ റിപ്പബ്ലിക് ടിവിക്ക് നമ്പര്‍ 1 റേറ്റിങ് ലഭിക്കുന്നതിന് താനും സംഘവും ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമത്വം നടത്തിയതായി പാര്‍ഥോ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ പാര്‍ഥോ ദാസ്ഗുപ്തയുടെ അഭിഭാഷകന്‍ അര്‍ജുന്‍ സിങ് ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. പാര്‍ഥോസിനെക്കൊണ്ട് നിര്‍ബന്ധിച്ചു പറയപ്പിച്ചതാണ് മൊഴിയിലുളളതെന്ന് അദ്ദേഹം ആരോപിച്ചു. ഗോസ്വാമിയുടെ നിയമസംഘം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ താന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും തന്നോട് പകപോക്കുകയാണെന്നുമാണ് അര്‍ണബിന്റെ വാദം.

Content Highlights: Arnab paid 40 lakhs to fix rating Partho Dasgupta