അർണബിനെതിരെ ഔദ്യോഗിക രഹസ്യനിയമപ്രകാരം നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാർ; നിയമോപദേശം തേടി

Arnab’s chats: Maharashtra seeking legal opinion for action, says Minister

റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരേ ഔദ്യോഗിക രഹസ്യ നിയമ പരിധിയിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്ന്‌ നിയമോപദേശം തേടി മഹാരാഷ്ട സർക്കാർ. ബാലാക്കോട്ട്‌ ആക്രമണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി ബാർക് മുൻ സി.ഇ.ഒ. പാർഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ബാലാക്കോട്ട് ആക്രമണം നടത്തുന്നതിന് മൂന്നുദിവസം മുമ്പുതന്നെ അർണബിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായ വാട്സാപ്പ് ചാറ്റിലുള്ളത്. 

പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സൈനിക മേധാവി തുടങ്ങി വളരെ കുറച്ച് പേർക്ക് മാത്രമറിയാവുന്ന ഇത്തരം നിർണായകമായ ഒരു കാര്യം എങ്ങനെയാണ് അർണബിന് ലഭിച്ചതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കേന്ദ്രത്തോട് ചോദിച്ചു. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുളള വിഷയമാണ്. കേന്ദ്രം നിർബന്ധമായും ഉത്തരം നൽകണം. 1923-ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇക്കാര്യത്തിൽ നടപടിയെടുക്കാനാകുമോ എന്ന കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ നിയമോപദേശം തേടുകയാണ്. അനിൽ ദേശ്മുഖ് പറഞ്ഞു

വാട്സാപ്പ് ചാറ്റ് സംബന്ധിച്ച് സംയുക്ത പാർലമെന്ററിസമിതി അന്വേഷിക്കണമെന്ന് വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടതിന് പിറകേയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം. ദേശീയസുരക്ഷ അപകടത്തിലാക്കുകയും ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുകയും ചെയ്തതിൽ ഉൾപ്പെട്ട വ്യക്തികളുടെ പങ്ക് സമയബന്ധിതമായി അന്വേഷിക്കണമെന്നും രാജ്യദ്രോഹകരമായി പെരുമാറിയ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നുമാണ് കോൺഗ്രസ് പ്രവർത്തകസമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടത്.

content highlights: Arnab’s chats: Maharashtra seeking legal opinion for action, says Minister