പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് അര്‍ണബിന് നേരത്തെ അറിവ്; കൂടുതല്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ ക്രമക്കേട് കണ്ടെത്തിയ പൊലീസ് കസ്റ്റഡിയിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമിയുടെ കൂടുതല്‍ വാട്‌സ്അപ്പ് സന്ദേശങ്ങള്‍ പുറത്ത്. പുല്‍വാമ ഭീകരാക്രമണവും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയും സംബന്ധിച്ച് അര്‍ണബിന് നേരത്തെ അറിവുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന വാട്‌സ്അപ്പ് സന്ദേശങ്ങളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണം മോദി സര്‍ക്കാരിനും തന്റെ ചാനലിനും ഗുണം ചെയ്യുമെന്ന ആഹ്ലാദവും
അര്‍ണബ് സന്ദേശങ്ങളില്‍ പ്രകടിപ്പിക്കുന്നുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടില്‍ ഇന്ത്യ മിന്നലാക്രമണം നടത്താന്‍പോകുന്ന കാര്യം മൂന്നുദിവസംമുമ്പ് അര്‍ണബ് അറിഞ്ഞിരുന്നാണ് വാട്‌സാപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നത്. വലിയ ചിലകാര്യങ്ങള്‍ നടക്കാന്‍പോകുന്നു എന്ന് ദാസ്ഗുപ്തയ്ക്കയച്ച സന്ദേശത്തില്‍ അര്‍ണബ് പറയുന്നു. ദാവൂദാണോ എന്ന ചോദ്യത്തിന് അല്ല പാകിസ്താനാണ് എന്ന് മറുപടിനല്‍കുന്നു. ജനങ്ങളെ ഹര്‍ഷോന്മത്തരാക്കുന്ന ആക്രമണമായിരിക്കും അതെന്നും അര്‍ണബ് പറയുന്നു.

കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയാനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അര്‍ണബിന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെന്ന സൂചനയും സന്ദേശത്തിലുണ്ട്. കേന്ദ്രതീരുമാനം വരുന്നതിന് രണ്ടുദിവസം മുമ്പുതന്നെ അര്‍ണബ് ടി.വി. സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നതായും സൂചനയുണ്ട്. പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയായിരുന്നു പാകിസ്താന് നേരെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ഭാകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടത്.

നേരത്തെ അര്‍ണാബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ടിആര്‍പി തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. 500 ലേറെ പേജുകളുള്ള വാട്‌സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച തെളിവാണ് പുറത്തുവന്നതെന്ന പ്രചാരണമുണ്ടെങ്കിലും മുംബൈ പൊലീസ് ഈക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Content Highlights: Arnab Goswami Whats app chat remarks on Pulwama Attack