‘നിങ്ങള്‍ ബീഹാറികള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടോ? അവരോട് നുണ പറയരുത്’ മോദിക്കെതിരെ രാഹുല്‍ ഗാന്ധി

പാറ്റ്‌ന: ബിഹാറിലെ ജനങ്ങളോട് കള്ളം പറയരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. ബിഹാറില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് പരിപാടിയാലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. ബിഹാറികളോട് നുണ പറയരുതെന്നും നിങ്ങള്‍ ബിഹാറികള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കൊവിഡിനെ കുറിച്ചും തുടര്‍ന്നുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തെ കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു.

ബിഹാര്‍ തന്റെ ആണ്‍മക്കളെ അതിര്‍ത്തിയിലേക്കയക്കുന്നതിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ബിഹാറിലെ ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തായിരുന്നു ചെയ്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ചൈന നമ്മുടെ അതിര്‍ത്തിയില്‍ അതിക്രമിച്ചു കേറിയപ്പോള്‍ പ്രധാനമന്ത്രി അത് നിഷേധിച്ചതെന്തിനാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ജവാന്മാരുടെ ത്യാഗത്തിന് മുന്നില്‍ തലകുനിക്കുന്നെന്ന് പറഞ്ഞ അദ്ദേഹം എന്തിനാണ് രാജ്യത്തോട് കള്ളം പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലുകള്‍ ആര്‍ക്കും കിട്ടിയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സൈന്യത്തെയും കര്‍ഷകരെയും വ്യാപാരികളെയും പരസ്യമായി പുകഴ്ത്തി പറഞ്ഞ് അദ്ദേഹം വീട്ടില്‍ ചെന്ന് അംബാനിക്കും അദാനിക്കും വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് ആരേപിച്ചു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പത്ത് ലക്ഷം സര്‍ക്കാര്‍ ജോലിയെന്ന വാഗ്ദാനമാണ് രാഹുല്‍ ഗാന്ധിക്ക് മുമ്പ് റാലിയെ അഭിസംബോധന ചെയ്ത മഹാഗഥ്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാഥവിന്റെ വാഗ്ദാനം.

Content Highlight: Rahul Gandhi slams Modi on Bihar Election promises