കേസന്വേഷിക്കാന്‍ സിബിഐക്ക് നല്‍കിയ മുന്‍കൂര്‍ അനുമതി സംസ്ഥാനം പിന്‍വലിക്കമെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണ ഏജന്‍സികളെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പോലും പറഞ്ഞ സ്ഥിതിക്ക് ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.

സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ ഏറ്റെടുക്കാതിരിക്കുകയും, മറ്റ് കേസുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതാണ് പ്രശ്‌നമെന്ന് സിപിഎം ചൂണ്ടികാട്ടി. സംസ്ഥാന സര്‍ക്കാരുകള്‍ വിലക്കിയാലും സിബിഐ അന്വേഷിക്കുന്നതിന് വ്യവസ്ഥ ചെയ്ത കേസുകള്‍ ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാകില്ല. സര്‍ക്കാര്‍ അനുമതി നല്‍കുന്ന കേസുകള്‍ സിബിഐക്ക് അന്വേഷിക്കാം. സിപിഐക്ക് നേരത്തെ മുതലേ ഇതേ നിലപാടാണ്. എല്‍ഡിഎഫ് യോഗത്തില്‍ എല്ലാ ഘടകകക്ഷികളും ഇത്തരമൊരാശങ്ക പങ്കു വെച്ചിട്ടുണ്ട്.

രാഷ്ട്രീയ ആയുധത്തിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബി.ജെ.പി. ഇതര സര്‍ക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളൊക്കെ സി.ബി.ഐ.ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കേരളവും പരിശോധിക്കേണ്ടതുണ്ടെന്ന് കോടിയേരി പറഞ്ഞു.

Content Highlight: CPM to re-check the order given to CBI to direct investigation