പ്രത്യേക പദവിയും പതാകയും പുനഃസ്ഥാപിക്കുന്നതു വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തില്ല; മെഹബൂബ മുഫ്ത്തി

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്ത്തി. ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനഃസ്ഥാപിക്കുന്നത് വരെ ജമ്മുകശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തില്ലെന്നും മെഹബൂബ മുഫ്ത്തി പറഞ്ഞു. കേന്ദ്രം പിന്‍വലിച്ച പ്രത്യേക പദവി പുനഃസ്ഥാപിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാര്‍ട്ടി ഉപേക്ഷിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രത്യേക പദവി പിന്‍വലിക്കുന്നതിന് മുന്നോടിയായി വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന മെഹബൂബ മുഫ്ത്തിയെ 14 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. മോചിതയായ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മെഹബൂബ മുഫ്ത്തി ഇക്കാര്യങ്ങള്‍ അറിയിച്ചത്. തങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് വിചാരിച്ചവര്‍ക്ക് തെറ്റിപ്പോയെന്നും അവര്‍ പറഞ്ഞു. കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ച് നല്‍കേണ്ടി വരുമെന്നും അതാണ് സംഭവിക്കാന്‍ പോകുന്നതെന്നും മെഹബൂബ മുഫ്ത്തി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 വിഷയം ഉയര്‍ത്തിക്കാട്ടി ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു. യഥാര്‍ഥ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുന്നത് ഒഴിവാക്കാനാണ് അദ്ദേഹം വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ആര്‍ട്ടിക്കിള്‍ 370 വിഷയം എടുത്ത് ഉപയോഗിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

Content Highlight: Mehbooba Mufti against Center on ban Article 370