സിബിഐയെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നത് ലൈഫ് മിഷന്‍ അഴിമതിയില്‍ പ്രതിരോധത്തിലായതിനാല്‍: വി മുരളീധരന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായതിനാലാണ് സിബിഐയെ സ്വയം കേസ് ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനമെന്ന് വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിബിഐ രാഷ്ട്രീയ പ്രേരിതമായല്ല കേസ് അന്വേഷിക്കുന്നതെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് മനസിലാകുമെന്നും, സിപിഎമ്മിന്റെ തീവെട്ടിക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ പുറത്തു വരുമെന്നതാണ് വിരോധത്തിന് കാരണമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതിയില്‍ വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപയാണെന്നും മുരളീധരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഇറക്കിയാണ് ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാര്‍ പ്രതിയായ അന്വേഷണത്തിന് തടസമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. യൂണിടാക്കിലെ ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞാണ് സിബിഐ പ്രതി ചേര്‍ത്തിരിക്കുന്നതെന്നും ലൈഫ് മിഷന്റെ ഒരു ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഈ കേസിലും എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ പോയതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.

രാജ്യത്ത് മതവൈരവും തീവ്രവാദവും വളര്‍ത്തുന്നതില്‍ പങ്കുള്ള ജമാഅത്തെ ഇസ്ലാമിയുമായുള്ള രഹസ്യ ബന്ധം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുമ്മനം രാജശേഖരനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം തുടക്കത്തില്‍ തന്നെ പാളി പോയെന്നും അദ്ദേഹം വിമര്‍ശിച്ചു. കുമ്മനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കിയതായും മന്ത്രി ചൂണ്ടികാട്ടി.

സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ ഏറ്റെടുക്കാതിരിക്കുകയും, മറ്റ് കേസുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് ചൂണ്ടികാട്ടിയായിരുന്നു സിപിഎമ്മിന്റെ അഭിപ്രായം. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിരുന്നു.

Content Highlight: V Muraleedharan speak against Kerala Government on Periya Murder case expense