കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പങ്ക് ചൂണ്ടികാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ ഏഴ് ദിവസം എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം തള്ളിയാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചത്. ശിവശങ്കറിന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ തടസ്സപ്പെടാതെ ആയുര്‍വേദ ചികിത്സ നടത്താനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിറക്കി.
പകല്‍ 9 മണി മുതല്‍ 6 മണി വരെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള സമയം. അതിന് ശേഷം വിശ്രമം അനുവദിക്കണമെന്നും കോടതി അറിയിച്ചു. മകന്, സഹോദരന്, ഭാര്യ എന്നിവര്‍ക്കാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അനുമതി കോടതി നല്‍കിയിരിക്കുന്നത്. ഇതിനിടെ നയതന്ത്ര ബാഗേജ് വിട്ടു കിട്ടാന്‍ ഇടപെട്ടതായി ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. ജില്ലാകോടതി അവധിയായിരുന്നെങ്കിലും പ്രത്യേക സിറ്റിംങ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് കോടതി പരിഗണിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ അഞ്ചാം പ്രതിയായാണ് ശിവശങ്കറിനെ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇദ്ദേഹത്തെ പ്രതി ചേര്ച്ചിരിക്കുന്നത്. അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷ നവംബര്‍ നാലിന് പരിഗണിക്കും.
Content Highlight: M Sivasankar, Ernakulam Principal Sessions Court, Enforcement Directorate