പ്ലസ്ടു പഠനത്തിന് സീറ്റുകളില്ലാതെ വയനാട്ടിലെ ആദിവാസി കുട്ടികള്‍; സെക്രട്ടറിയേറ്റ് നടക്കല്‍ സമരത്തിനൊരുക്കം

കല്‍പ്പറ്റ: പത്താം ക്ലാസ് പാസ്സായി തുടര്‍ പഠനത്തിന് സ്വന്തം ജില്ലയില്‍ തന്നെ അഡ്മിഷന്‍ നേടാനാകാതെ വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍. പത്താംക്ലാസ് ജയിച്ച 200ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇക്കുറി ഉപരി പഠന സൗകര്യം ലഭിക്കാത്തത്. വിഷയത്തില്‍ പ്രതിഷേധിച്ച് ആദിവാസി വിദ്യാര്‍ത്ഥി സംഘടനകള്‍ അടുത്ത ആഴ്ച്ച മുതല്‍ സെക്രട്ടറിയറ്റ് നടക്കല്‍ സമരത്തിനൊരുങ്ങുകയാണ്.

സംവരണം ചെയ്ത സീറ്റും ജയിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണവും തമ്മിലുള്ള അന്തരമാണ് ആദിവാസി വിഭാഗത്തിന്റെ ഉപരിപഠനത്തിന് വിലങ്ങുതടിയായത്. ജില്ലയില്‍ എസ് ടി വിഭാഗത്തിന് സംവരണമുള്ളത് 529 സീറ്റുകള്‍ മാത്രമാണ്. എസ് സി വിഭാഗത്തിന് 300. അതേസമയം ജയിച്ച വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം 2009 ആയിരുന്നു. എസ് സി, എസ് ടി ആകെ സംവരണ സീറ്റുകള്‍ കൂട്ടിയാലും 829 മാത്രമേ വരൂ. ഇതാണ് വിദ്യാര്‍ത്ഥികളെ വലച്ചത്. അഡ്മിഷന്‍ ലഭിക്കാത്തതിനാല്‍ ബത്തേരി പല വിദ്യാര്‍ത്ഥികളും കൊച്ചിയിലും മറ്റ് ജില്ലകളിലുമാണ് ഉപരി പഠനം സാധ്യമാക്കുന്നത്.

ചില ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 75 വരെയാണ്. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുകയെന്നത് മാത്രമാണ് ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം സാധ്യമാക്കാനുള്ള മാര്‍ഗം.

Content Highlight: Adivasi students on strike for seats for higher education