കങ്കണയുമായുള്ള വാക്പോരിന് പിന്നാലെ ബോളിവുഡ് നടി ഊർമിള മതോംഡ്കർ ശിവസേനയിലേക്ക്. കഴിഞ്ഞ ലോക്സഭ തിരഞ്ഞടുപ്പിൽ കോൺഗ്രസ് സ്ഥാനാത്ഥിയായി മത്സരിച്ച ഊർമിള ശിവസേനയുടെ പ്രതിനിധിയായി മഹാരാഷ്ട്ര കൌൺസിലിലെത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഊർമിള സംസാരിച്ചതായും ശിവസേനയുടെ പ്രതിനിധിയാവാമെന്ന് സമ്മതിച്ചതായും എംപി സജ്ഞയ് റാവത്ത് വ്യക്തമാക്കി. കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്നും രാജി വെച്ചതു കൊണ്ടാണ് ശിവസേന അവരെ പരിഗണിച്ചതെന്നും സജ്ഞയ് റാവത്ത് വ്യക്തമാക്കി.
ഊർമിള കോൺഗ്രസിൽ നിന്നും രാജി വെച്ചതാണെന്ന് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്തും സ്ഥിരീകരിച്ചു. മുംബൈ നോർത്തിൽ നിന്നും കങ്കണ കഴിഞ്ഞ പ്രാവശ്യം മത്സരിച്ചിരുന്നെങ്കിലും ബിജെപി യിലെ ഗോപാൽ ഷെട്ടിയോട് പരാജയപെടുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നേതാക്കൾ വേണ്ട വിധത്തിൽ സഹായിച്ചില്ലെന്ന് ഊർമിള ആരോപിച്ചിരുന്നു. നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലെ വാക്പോരിൽ ഊർമിള സംസ്ഥാന സർക്കാരിനെ പിന്തുണച്ചിരുന്നു. മുംബൈയെ പാക് അധിനിവേശ കാശ്മീർ എന്ന് കങ്കണ വിശേഷിപ്പിച്ചപ്പോൾ ഊർമിള പ്രതികരിച്ചിരുന്നു.
കങ്കണയുടെ നാടായ ഹിമാചലാണ് ലഹരിമരുന്നിന്റെ പ്രഭവ കേന്ദ്രമെന്നും കങ്കണ ആദ്യം സ്വന്തം സംസ്ഥാനത്തെ കാര്യങ്ങൾ നോക്കട്ടെയെന്നും ഊർമിള പറഞ്ഞു. ഇതിന് പിന്നാലെ സോഫ്റ്റ് പോൺ സ്റ്റാർ എന്ന് കങ്കണ ഊർമിളയെ ആക്ഷേപിക്കുകയും ഇതോടെ ശിവസേന ഊർമിളക്കു വേണ്ടി രംഗത്തെത്തുകയായിരുന്നു. ഊർമിളയുടെ വരവോടെ പാർട്ടിക്ക് പുതിയ സ്ത്രീമുഖം ലഭിക്കുമെന്നാണ് ശിവസേനയുടെ വിലയിരുത്തൽ.
Content Highlights; Shiv Sena picks Urmila Matondkar for Legislative Council seat