നിതീഷ് അഴിമതി വീരനെന്ന് മോദി; പഴയ പ്രസംഗം കുത്തി പൊക്കി തേജസ്വി യാദവ്

പട്‌ന: നിതീഷ് കുമാറിനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സഖ്യമുഖമായി മത്സരിക്കുന്ന തേജസ്വി യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ അഴിമതി സര്‍ക്കാരെന്ന് വിളിക്കുന്ന വീഡിയോയാണ് തന്റെ അവകാശവാദത്തിന് തെളിവായി തേജസ്വി യാദവ് ചൂണ്ടികാട്ടുന്നത്. 30,000 കോടി രൂപയുടെ 60ഓളം അഴിമതികളില്‍ നിതീഷ് കുമാറിന് പങ്കുണ്ടെന്നാണ് യാദവിന്റെ ആരോപണം.

നിതീഷ് കുമാറിന്റെ കീഴില്‍ 30,000 കോടിയോളം രൂപയുടെ 60 ലധികം അഴിമതികള്‍ നടന്നിട്ടുണ്ടെന്നും അതില്‍ 33 എണ്ണം പ്രധാനമന്ത്രി മോദി തന്നെ അഞ്ച് വര്‍ഷം മുമ്പ് എണ്ണി പറഞ്ഞതായും തേജസ്വി യാദവ് ട്വീറ്ററില്‍ പറഞ്ഞു. എഞ്ചിനീയറിംഗ് കോളേജുകള്‍, മരുന്നുകള്‍ വാങ്ങല്‍, മദ്യവില്‍പ്പന, ഉച്ചഭക്ഷണം, നെല്‍കൃഷി, സ്‌കോളര്‍ഷിപ് എന്നിവയുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട 30 ഓളം അഴിമതികളുണ്ടെന്നാണ് മോദി വീഡിയോയില്‍ എണ്ണി പറയുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി മോദി എവിടെയാണ് സംസാരിക്കുന്നതെന്നും ഏത് സര്‍ക്കാരിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും വ്യക്തമല്ല.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിതീഷ് കുമാറിനൊപ്പം ചേര്‍ന്നാണ് ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പങ്കെടുത്തത്. നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമായി ജെഡിയു സ്ഥാനാര്‍ത്ഥിയായ മത്സരിച്ച സമയത്തെ വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ലാണ് ആര്‍ജെഡിയുമായി തെറ്റിപ്പിരിഞ്ഞ് നിതാഷ് വീണ്ടും എന്‍ഡിഎയില്‍ എത്തുന്നത്. മോദിയുടെ മുന്‍കാല പരാമര്‍ശങ്ങള്‍ കടുത്ത രാഷ്ട്രീയ ആയുധമാക്കാനാണ് ആര്‍ജെഡിയുടെ തീരുമാനം.

Content Highlights: Tejashwi Yadav Shares PM’s Old Clip Attacking Nitish Kumar Over Scam