ന്യൂഡല്‍ഹി: ‘ബാബ കാ ധാബ’യുടെ പേരില്‍ ഓണ്‍ലൈനിലൂടെ ഫണ്ട് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് യൂടൂബര്‍ ഗൗരവ് വാസനെതിരെ കടയുടമ കാന്താ പ്രസാദിന്റെ പരാതി. കൊവിഡ് കാലത്തെ തങ്ങളുടെ ദുരിത ജീവിതം പൊതുജന മധ്യത്തിലെത്തിച്ച യൂടൂബര്‍ ഫണ്ട് തട്ടിപ്പ് നടത്തിയെന്നാരോപിച്ചായിരുന്നു കടയുടമയുടെ പരാതി. സാമ്പത്തിക ഇടപാടുകളുടെ ഒരു വിവരവും ഗൗരവ് വാസന് തനിക്ക് നല്‍കിയിട്ടില്ലെന്നാണ് കാന്താ പ്രസാദിന്റെ പ്രതികരണം.
തങ്ങളുടെ വീഡിയോ പങ്കുവെച്ച് ഗൗരവ് വാസന് സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുമാണ് സംഭാവന സ്വീകരിക്കാന്‍ നല്‍കിയതെന്നും, ഇതില്‍ ലഭിച്ച പണത്തിന്റെ വിവരങ്ങളൊന്നും താനുമായി പങ്കു വെച്ചിട്ടില്ലെന്നുമാണ് കാന്താപ്രസാദിന്റെ പരാതി. 80 വയസ്സുകാരനായ കാന്താപ്രസാദും ഭാര്യയുമാണ് ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബാ കാ ധാബാ എന്ന കട നടത്തി വരുന്നത്. ലോക്ക് ഡൗണും കൊരോണ കാലവും വന്നതോടെ വലിയ ദുരിതത്തിലായ ദമ്പതികളുടെ വീഡിയോ ഗൗരവ് വാസനാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ചത്.
മണിക്കൂറുകളുടെ കച്ചവടത്തില്‍ നിന്ന് ആകെ ലഭിച്ചത് അമ്പതു രൂപയാണെന്ന് പറഞ്ഞ് കണ്ണു നിറക്കുന്ന വൃദ്ധ ദമ്പതികളുടെ വീഡിയോ ബോളിവുഡ് താരങ്ങളടക്കം പങ്കു വെച്ചിരുന്നു. വീഡിയോ പ്രചരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധിപേരാണ് ബാബാ കാ ധാബയിലെ രുചി തേടിയെത്തിയത്.
Content Highlight: ‘Baba Ka Dhaba’ owner submit complaint against YouTuber on Money Fraud