ബെംഗളൂരു: ബംഗളൂരു മയക്കു മരുന്ന് കേസില്‍ ഇഡി കസ്റ്റഡിയിലായ ബിനീഷ് കോടിയേരി, തന്നെ കള്ളക്കേസില്‍ കുടുക്കിയതാമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ സമയത്തായിരുന്നു ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ ബിനീഷിനെ മാധ്യമങ്ങളില്‍ നിന്ന് തടഞ്ഞു.
ഇന്നലെയാണ് ചോദ്യം ചെയ്യലിനിടെ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ബെംഗളൂരു ബൗറിങ് ആശുപത്രിയില്‍ ബിനീഷിനെ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ഇന്നലെയും ബിനീഷ് എന്‍ഫോഴ്‌സ്‌മെന്റിനെതിരെ പ്രതികരിച്ചിരുന്നു. ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയാണെന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. നേരത്തെ ചോദ്യം ചെയ്യലിന് എത്തിച്ച ബിനീഷ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ നേരെ കയ്യാങ്കളി കാണിച്ചത് വിവാദമായിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റിന് അനുവദിച്ച നാല് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതോടെ ബിനീഷിനെ ഇന്ന് ബെംഗളൂരു കോടതിയില്‍ ഹാജരാക്കും. അതേസമയം, മയക്കു മരുന്ന് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ബിനീഷിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പങ്ക് ചൂണ്ടികാട്ടി എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റിലേക്ക് നീങ്ങിയത്. ശിവശങ്കറിന്‍രെ അറസ്റ്റിന് പിന്നാലെ ബിനീഷ് കോടിയേരിയും അറസ്റ്റിലായതോടെ ഇടത് പക്ഷത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.
Content Highlight: Bineesh Kodiyeri denies Bengaluru Drug Case allegation against him