പെരിയ ഇരട്ടക്കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിബിഐ

ന്യൂഡല്‍ഹി: പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം ചൂണ്ടികാട്ടി സുപ്രീകോടതിയില്‍ സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ തരാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നതായി സിബിഐ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് രേഖകള്‍ തേടി ഏഴ് തവണയാണ് സിബിഐ കത്ത് നല്‍കിയത്. തുടര്‍ന്നും നിസഹകരണം കാണിച്ചതോടെയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഐ തീരുമാനിച്ചത്.

സുപ്രീംകോടതിയുടെ അന്തിമ വിധി വരാത്തതിനാല്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്ന നിലപാടാണ് ക്രൈംബ്രാഞ്ചിന്. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തതാണ് രേഖകള്‍ കൈമാറാന്‍ കാലതാമസമെന്നാണ് പൊലീസിന്റെ ഭാഷ്യം.

അതേസമയം, പെരിയ കേസിലെ അന്വേഷണ വിവരങ്ങള്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് വിവരങ്ങള്‍ കൈമാറിയത്. കേസ് നാളെയാണ് സുപ്രീംകോടതി പരിഗണിക്കുക. 2019 ഫെബ്രുവരി 17 നായിരുന്നു കാസര്‍ഗോട് കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടി കൊലപ്പെടുത്തിയത്.

Content Highlight: State government’s non-cooperation in the big double murder case; CBI files affidavit in Supreme Court